കാടിന്റെ കുളിരിലേക്ക് സഞ്ചാരികള്‍ക്ക് സ്വാഗതം. കാട്ടുമരങ്ങള്‍ കുടചൂടുന്ന സുന്ദരവനങ്ങള്‍. മുളങ്കാടുകള്‍ക്കിടയിലൂടെയും ഏറുമാടങ്ങള്‍ക്ക് അരികിലൂടെയും വനയാത്ര. വന്യജീവികളും സഞ്ചാരികളും സൗഹൃദം മെനയുന്ന സങ്കേതമാണ് വയനാട്ടിലെ തോല്‍പ്പെട്ടി. അവിടെ കടുവകളും ആനകളും കാട്ടുപോത്തും മാന്‍കൂട്ടങ്ങളും വിഹരിക്കുന്നു. കാടിനെയും കാട്ടുജീവിതങ്ങളെയും അടുത്തറിയാന്‍ ഇവിടെയെത്തുന്നവരുടെ തിരക്കൊഴിയുന്നില്ല.

കേരള-കര്‍ണാടക അതിര്‍ത്തിയില്‍ കുടക് വനത്തോടു ചേര്‍ന്നാണ് ഈ വന്യജീവി സങ്കേതം. കടുവകളാണ് ഇവിടുത്തെ രാജാക്കന്മാര്‍. മാന്‍കൂട്ടങ്ങളും കുറവല്ല, ഏഴായിരത്തിലധികമുണ്ട്. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ആനസങ്കേതമായ എന്‍ബെഥൂരും ഇതിനോട് തൊട്ടുകിടക്കുന്നു. വന്യജീവിസങ്കേതത്തിന് അരികെ പോകുമ്പോള്‍ പൂഴിമണ്ണില്‍ പൊതിഞ്ഞ ആനക്കൂട്ടത്തെ കാണാതിരിക്കില്ല. കോരിച്ചൊരിയുന്ന മഴയത്തും കൊടും വേനലിലും ശാന്തരായി ചെവിയാട്ടി നില്ക്കുന്ന ആനക്കൂട്ടം ആരെയും ആകര്‍ഷിക്കും.
നിബിഡവനത്തിന്റെ ചാരുതയില്‍ നഗരത്തിരക്കില്‍ നിന്നു വരുന്നവര്‍ മണിക്കൂറുകളോളം ഇവിടെ ചെലവിടുന്നു. നട്ടുച്ചയിലും സൂര്യപ്രകാശം അരിച്ചിറങ്ങാത്ത കാട്ടുവഴിയിലൂടെയാണ് വൈല്‍ഡ് ലൈഫ് സഫാരി. വനാന്തര്‍ഭാഗത്ത് നിശ്ശബ്ദമായി കരുതലോടെയുള്ള യാത്ര. മൃഗങ്ങളെ അരികില്‍ കാണാം. ഇതിനായി ഏഴു കിലോമീറ്ററോളം കാട്ടുപാത നിര്‍മിച്ചിട്ടുണ്ട്. കാട്ടില്‍ അതിഥിയായി എത്തുന്ന സഞ്ചാരിയുടെ ഓര്‍മയില്‍ മയാതെ നില്ക്കും ഈ സഫാരി. വാഹനത്തിനു തൊട്ടുമുന്നിലായി ഓടിയകലുന്ന മാന്‍കൂട്ടങ്ങള്‍ കാടിന്റെ മനോഹാരിതയ്ക്ക് മാറ്റുകൂട്ടുന്നു.

വയനാടന്‍ കാടുകളുടെ അപൂര്‍വചാരുതയാണ് ഈ വന്യജീവി സങ്കേതത്തിന്റെ ഖ്യാതി പുറംലോകത്തിന് പരിചയപ്പെടുത്തിയത്. വനഗ്രാമങ്ങള്‍ പിന്നിട്ടുവേണം ഇവിടെയെത്താന്‍. ഏറുമാടങ്ങളുടെ സ്വന്തം ഗ്രാമമാണ് ബേഗൂര്‍. ബേഗൂരിനെ അടുത്തറിഞ്ഞുകൊണ്ടാണ് തോല്‍പ്പെട്ടിയിലേക്കുള്ള യാത്ര തുടങ്ങുക. കാടിനുള്ളിലൂടെ വന്യമൃഗങ്ങളെ ഭയന്നുവേണം തോല്‍പ്പെട്ടിയിലെത്താന്‍. കര്‍ണാടകയിലേക്കുള്ള ചെക്ക്‌പോസ്റ്റിലെത്തുമ്പോള്‍ വലതുഭാഗത്തായി വലിയ കവാടം വനത്തിനുള്ളിലേക്ക് സ്വാഗതം ചെയ്യും.
കാട്ടിലേക്കുള്ള വഴികള്‍ : മാനന്തവാടി-കാട്ടിക്കുളം തെറ്റ് റോഡില്‍ നിന്ന് ഏഴര കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാല്‍ ഇവിടെയെത്താം. കര്‍ണാടക അതിര്‍ത്തിയിലാണ് പ്രവേശന കവാടം. മാനന്തവാടി നിന്ന് 24 കിലോമീറ്ററാണ് ദൂരം. കര്‍ണാടകയിലെ നാഗര്‍ഹോളയില്‍നിന്നു വെറും എട്ടു കിലോമീറ്റര്‍ യാത്ര. കോഴിക്കോട് നിന്നാണെങ്കില്‍ താമരശ്ശേരി കല്പറ്റ-മാനന്തവാടി വഴി 96 കിലോമീറ്റര്‍ പിന്നിടണം. മൈസൂരില്‍നിന്നു വരുന്നവര്‍ കുട്ട വഴി 95 കിലോമീറ്റര്‍ യാത്ര ചെയ്യണം. ഊട്ടിയില്‍നിന്നു 160 കിലോമീറ്റര്‍ റോഡുമാര്‍ഗം സഞ്ചരിക്കണം.

നിര്‍ദേശങ്ങള്‍ നല്കാനും സഫാരി സൗകര്യം ഏര്‍പ്പെടുത്താനും അസി. വൈല്‍ഡ് ലൈഫ് വാര്‍ഡനെ സമീപിക്കുക. ഫോണ്‍: 250853/ 04935 240233. രാവിലെ ഏഴുമണി മുതല്‍ ഒന്‍പതു മണിവരെയും വൈകിട്ട് മൂന്നു മണി മുതല്‍ അഞ്ചുമണി വരെയുമാണ് സന്ദര്‍ശകര്‍ക്ക് പ്രവേശനം. വാഹനങ്ങള്‍ക്ക് 350 രൂപ പ്രവേശന ഫീസ് നല്കണം. സഫാരി ടാക്‌സി വാഹനങ്ങളില്‍ ആളൊന്നിന് പത്തുരൂപ നല്കിയാല്‍ മതി. വഴികാട്ടിയായി വരുന്നവര്‍ക്ക് 100 രൂപ നല്കണം. ചിത്രങ്ങള്‍ പകര്‍ത്തുന്നതിനു ക്യാമറ ഫീസ് 150 രൂപയാണ്.
കാട്ടിനരികില്‍ താമസിക്കാം : തേക്കിന്‍പലകയടിച്ച ഡബിള്‍ഡക്കര്‍ സ്രാമ്പിയില്‍ ഒരുദിവസം തങ്ങുക. സഞ്ചാരികളുടെ ആഗ്രഹം ഇവിടെ സഫലമാകും. താത്പര്യമുള്ളവര്‍ 04935-250853 എന്ന നമ്പറില്‍ അസി.വൈല്‍ഡ് ലൈഫ് വാര്‍ഡനുമായി സംസാരിക്കുക. കൂടുതല്‍ ആളുകള്‍ ഉണ്ടെങ്കില്‍ തിരുനെല്ലി ഫോറസ്റ്റ് ഡോര്‍മിറ്ററിയിലും തങ്ങാം. ഒരു ബെഡിന് 20 രൂപ നല്കിയാല്‍ മതി. ബുക്കിങ്ങിന് 04935-240233. തിരുനെല്ലി പഞ്ചതീര്‍ഥം ഗസ്റ്റ്ഹൗസും ഉപയോഗപ്പെടുത്താം. ഫോണ്‍ 04935-210055. കെ.ടി.ഡി.സി. ടാമിറിന്‍ഡ്-ഫോണ്‍: 04935-210475. എ.സി. നോണ്‍ എ.സി. മുറികള്‍ ഇവിടെയുണ്ട്. ആഗ്രഹാരം കോട്ടേജ്: 04935-210265. തോല്‍പ്പെട്ടി വൈല്‍ഡ് ലൈഫ് റിസോര്‍ട്ടും താമസ സൗകര്യമൊരുക്കുന്നുണ്ട്.
ഹൃദയത്തില്‍ സൂക്ഷിക്കാന്‍....
പ്രകൃതി സൗന്ദര്യപൂജയൊരുക്കി കക്കയത്ത് സഞ്ചാരികളെ കാത്തിരിക്കുകയാണ്. നിത്യഹരിതവും വശ്യവുമാണ് ഇവിടെ കാട്. സാഹസികരെയും പ്രകൃതിസ്‌നേഹികളെയും കക്കയം ഒരിക്കലും നിരാശപ്പെടുത്തില്ല

കുന്നുകളും മലകളും കാട്ടാറുകളും ദൃശ്യവിരുന്നൊരുക്കുന്ന കക്കയം. കക്കയത്തെ കാനനഭംഗിയും ഉരക്കുഴി വെള്ളച്ചാട്ടവും ഒരിക്കലും മനസ്സില്‍ നിന്ന് മായില്ല. കക്കയത്തേക്കുള്ള യാത്ര സഞ്ചാരികളെ കാത്തിരിക്കുന്നത് കാലങ്ങളോളം മനസ്സില്‍ സൂക്ഷിക്കാന്‍പറ്റുന്ന പ്രകൃതിദൃശ്യങ്ങളാണ്. കക്കയത്തെ പ്രധാന കാഴ്ചകള്‍ കക്കയം വാലി, കരിയാത്തന്‍പാറ, പാപ്പന്‍ ചാടിക്കുഴി, ഉരക്കുഴി, ചുറ്റുകുഴി എന്നിവയാണ്. ഉരക്കുഴി വെള്ളച്ചാട്ടം ആസ്വദിക്കാന്‍ തൂക്കുപാലം നിര്‍മിച്ചിട്ടുണ്ട്.
കോഴിക്കോട് നഗരത്തില്‍നിന്ന് 50 കിലോമീറ്റര്‍ അകലെയാണ് കക്കയം. കക്കയം അങ്ങാടിയില്‍നിന്ന് 14 കിലോമീറ്റര്‍ അകലെയാണ് ഡാംസൈറ്റും വെള്ളച്ചാട്ടവും. കോഴിക്കോട്-ബാലുശ്ശേരി എസ്റ്റേറ്റ്മുക്ക്, തലയാട് വഴിയും പേരാമ്പ്ര, കൂരാച്ചുണ്ട്, കല്ലാനോട് വഴിയും കക്കയത്ത് എത്താം. കക്കയം അങ്ങാടിയില്‍നിന്ന് ഡാംസൈറ്റിലേക്കുള്ള യാത്ര തന്നെ മനോഹരവും അത്യാകര്‍ഷകവുമാണ്.
സഞ്ചാരികള്‍ക്ക് താമസിക്കാന്‍ ഹോം സ്റ്റേയുണ്ട്. സിനിമാ-ആല്‍ബം ചിത്രീകരണത്തിന്റെ പ്രധാന കേന്ദ്രമാണിപ്പോള്‍ കക്കയം. കക്കയംവാലി വികസന സമിതിയും കരിയാത്തന്‍പാറ 'ജനത' പ്രവര്‍ത്തകരും ടൂറിസ്റ്റുകളെ സഹായിക്കാന്‍ ഗൈഡുകളെ നിയോഗിച്ചിട്ടുണ്ട്.

കക്കയം വനമേഖല അത്യപൂര്‍വമായ സസ്യജൈവവൈവിധ്യങ്ങളുടെ കലവറയാണ്. ഈ ജൈവവൈവിധ്യ മേഖല ഇന്റര്‍നാഷണല്‍ യൂണിയന്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്വര്‍ (ഐ.യു.സി.എന്‍.) എന്ന സംഘടന ലോകത്തെ പ്രധാനപ്പെട്ട ജൈവസസ്യമേഖലകളിലൊന്നായി തിരഞ്ഞെടുത്തിട്ടുണ്ട്.
വന്യജീവികളുടെ വിഹാരകേന്ദ്രമാണ് കക്കയം. ഭാഗ്യമുണ്ടെങ്കില്‍ ആനക്കൂട്ടങ്ങളെയും കാട്ടുപോത്തുകളെയും കാണാം. മാന്‍, മ്ലാവ്, കരിങ്കുരങ്ങ് തുടങ്ങിയവയും ഉണ്ട്. 5000 ഹെക്ടറോളം വരുന്ന ഈ മേഖലയില്‍ അപൂര്‍വവും വംശനാശം നേരിടുന്നതുമായ ഒട്ടേറെ ഔഷധസസ്യങ്ങളും ഉണ്ട്. അപൂര്‍വയിനം പക്ഷികള്‍, പൂമ്പാറ്റകള്‍, നിശാശലഭങ്ങള്‍, കള്ളിച്ചെടികള്‍, ഓര്‍ക്കിഡുകള്‍ എന്നിവയും ഇവിടെയുണ്ട്. സാഹസികപ്രിയരായ വിനോദസഞ്ചാരികള്‍ക്ക് ട്രക്കിങ്ങിനും സൗകര്യമുണ്ട്.

കക്കയം ഡാംസൈറ്റിലേക്ക് പോകാന്‍ വനസംരക്ഷണ സമിതിയുടെ കൗണ്ടറില്‍നിന്ന് പാസ് വാങ്ങണം. കക്കയം അങ്ങാടിയിലാണ് ഈ കൗണ്ടര്‍. രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് അഞ്ചുമണിവരെയാണ് സന്ദര്‍ശനസമയം.
ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ (ഡി.ടി.പി.സി), കോഴിക്കോട് ഫോണ്‍: 0495-2720012. കക്കയം ഹോം സ്റ്റേ ഫോണ്‍: 9495862550 (ഫിലിപ്പ്). 9388878908 (ജാക്‌സണ്‍ ആന്റ് കുര്യന്‍)
എടയ്ക്കല്‍ - കാലത്തിന്റെ ഗുഹാമുഖം
ലോക പൈതൃക പട്ടികയിലേക്ക് വയനാടിന്റെ സംഭാവനയാണ് കാലത്തിന്റെ കൈവിരലുകള്‍ ചിത്രം കോറിയിട്ട എടയ്ക്കല്‍ ശിലാഗുഹ. അമ്പുകുത്തി മലയിലാണ് ലോകപ്രശസ്ത ചരിത്ര ലിഖിതങ്ങളുള്ള എടയ്ക്കല്‍ ഗുഹ സ്ഥിതിചെയ്യുന്നത്.

സമുദ്രനിരപ്പില്‍ നിന്നും നാലായിരം അടി ഉയരത്തില്‍ ചരിത്രത്തോട് കഥപറയുന്ന കല്‍ഗുഹ കാണാന്‍ ഒട്ടേറെപ്പേരാണ് ഇവിടെയെത്തുന്നത്. സാഹസികമായി പാറക്കെട്ടുകള്‍ താണ്ടി കിതപ്പോടെ ഗുഹയിലെത്തുമ്പോള്‍ കുളിരുപകര്‍ന്ന് തണുത്തകാറ്റുണ്ടാകും കൂട്ടിന്. പാറയിലെ വലിയ വിടവിലേക്ക് മുകളില്‍ നിന്ന് മറ്റൊരു പാറവന്നുവീണ നിലയിലാണ് എടയ്ക്കല്‍ ഗുഹ.
വയനാട്ടിലെത്തുന്ന വിദേശികള്‍ പോലും കഠിന പ്രയത്‌നംചെയ്ത് ഈ മലകയറി ഗുഹാലിഖിതങ്ങളുടെ ചരിത്രം അന്വേഷിക്കുന്നു. ഏകദേശം മുപ്പതിനായിരം വര്‍ഷങ്ങള്‍ക്കു മുമ്പുണ്ടായ വന്‍ഭൂമി കുലുക്കത്തിലാണ് ഈ ഗുഹ രൂപപ്പെട്ടതെന്ന് ചരിത്രകാരന്മാര്‍ വിലയിരുത്തുന്നു. നൂറ്റാണ്ടുകള്‍ കാടുമൂടിക്കിടന്ന ഗുഹ ആറായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് നവീനശിലായുഗത്തില്‍ ജീവിച്ചിരിക്കുന്നവര്‍ വീടാക്കി മാറ്റിയതായും ചരിത്രരേഖകള്‍ പറയുന്നു. ഇക്കാലത്താണ് ഇവിടെ ചിത്രങ്ങള്‍ ലേഖനം ചെയ്യപ്പെട്ടതെന്നും അനുമാനമുണ്ട്.
മലബാര്‍ ജില്ലാപോലീസ് സൂപ്രണ്ടായിരുന്ന എഫ്.ഫോസ്റ്ററാണ് 1894 ല്‍ ഈ ഗുഹാചിത്രങ്ങളുടെ പ്രാധാന്യം തിരിച്ചറിഞ്ഞത്. കിരീടമണിഞ്ഞ് കൈകള്‍ ഉയര്‍ത്തി നില്‍ക്കുന്ന പുരുഷന്റെയും സ്ത്രീയുടെയും ചിത്രങ്ങള്‍ ഇവിടെ തെളിഞ്ഞുനില്‍ക്കുന്നു. സൂര്യനെ സൂചിപ്പിക്കുന്ന ബിംബങ്ങളും വൃത്തങ്ങളും മാന്ത്രികചിഹ്നങ്ങളും ഭീമന്‍ പാറയുടെ താഴെ ഭാഗത്തായി കൊത്തിവെച്ചിരിക്കുന്നു. മുനയുള്ള കല്ലുകള്‍ കൊണ്ടാണ് ചിത്രങ്ങളൊക്കെ കോറിവരച്ചിരിക്കുന്നത്.

പുരാതന ഗോത്ര ജീവിതത്തിന്റെ അടയാളങ്ങളാണ് ഇവിടെ ചുരുളഴിയുന്നത്. ഗോത്രത്തലവനും ആനയും ചെന്നായയും പോലുള്ള മൃഗങ്ങളും ഉന്തുവണ്ടിയില്‍ കയറിയിരിക്കുന്ന സ്ത്രീയുമൊക്കെ ചിത്രങ്ങളില്‍ തെളിയുന്നു. ദുഷ്ടമൃഗങ്ങളെ കൊന്നൊടുക്കുന്നതിനുള്ള ചില അനുഷ്ഠാന കഥകളാണ് ചിത്രം പറയുന്നത്. ഗ്രാമീണ ഗോത്രങ്ങളില്‍ നിലനിന്നിരുന്ന നരിക്കുത്ത് എന്ന ചടങ്ങിനെയും ഇത് അനുസ്മരിക്കുന്നു.
ഈ ലിഖിതങ്ങളെല്ലാം ഒരേകാലത്ത് എഴുതപ്പെട്ടവയല്ല എന്ന അഭിപ്രായവും ചരിത്രകാരന്മാര്‍ക്കിടയില്‍ നിലനില്‍ക്കുന്നു. കന്നഡ, തമിഴ്, പാലി, സംസ്‌കൃതം എന്നീ ഭാഷകളുടെ സ്വാധീനം ഇവിടത്തെ ലിപികളിലുണ്ട്. നവീന ശിലായുഗത്തിലേക്ക് തന്നെയാണ് ഇതിന്റെ പഴക്കം വിരല്‍ചൂണ്ടുന്നത്. ഈ ഗുഹാചിത്രങ്ങളോട് സാമ്യമുള്ള ലിഖിതങ്ങള്‍ അമ്പുകുത്തിമലയിലെ തൊവരിയിലും കാണുന്നുണ്ട്. ഫ്രാന്‍സിലെ ക്രോമാഗ്‌നന്‍ മലനിരയില്‍ മാത്രമാണ് ഇവയോട് സാദൃശ്യമുള്ള കല്ലെഴുത്തുകള്‍ വേറെ കണ്ടെത്താനായത്.
ഡോ.ഹൂള്‍ടപ്പ്, പ്രൊഫ. ബ്യൂളര്‍, ഡോ. എം.ആര്‍.രാഘവവാര്യര്‍, ഡോ. രാജന്‍ ഗുരുക്കള്‍ തുടങ്ങിയ ചരിത്രകാരന്മാര്‍ എടയ്ക്കല്‍ ഗുഹാചിത്രങ്ങളെക്കുറിച്ച് കാര്യമായ പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. ബി.സി. 4000 ത്തിനും 1500 നും ഇടയിലാണ് ഈ ഗുഹാചിത്രങ്ങളുടെ പഴക്കമെന്നാണ് പഠനങ്ങളിലെ കണ്ടെത്തല്‍.

കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ രണ്ട് ലക്ഷത്തോളം സന്ദര്‍ശകര്‍ ഈ ഗുഹ സന്ദര്‍ശിച്ചു. 1984 മുതല്‍ സംസ്ഥാന പുരാവസ്തു വകുപ്പാണ് ഗുഹാസംരക്ഷണം ഏറ്റെടുത്തിരിക്കുന്നത്.
ഗുഹയിലേക്കുള്ള വഴികള്‍ : ബത്തേരിയില്‍ നിന്ന് 12 കിലോമീറ്റര്‍ ദൂരെ അമ്പലവയലിന് സമീപത്താണ് ഗുഹ. ജില്ലാ ആസ്ഥാനമായ കല്പറ്റയില്‍ നിന്ന് മീനങ്ങാടി വഴി 28 കിലോമീറ്റര്‍ സഞ്ചരിക്കണം.
മാനന്തവാടിയില്‍ നിന്ന് 54 കിലോമിറ്റര്‍ പനമരം മീനങ്ങാടി -അമ്പലവയല്‍ വഴി യാത്രചെയ്താല്‍ ഇവിടെയെത്താം. കോഴിക്കോട് വഴിയുള്ള യാത്രക്കാര്‍ കല്പറ്റ, മീനങ്ങാടി, അമ്പലവയല്‍ റൂട്ട് തിരഞ്ഞെടുക്കണം. താഴ്‌വാരത്തില്‍ വാഹനം പാര്‍ക്ക്‌ചെയ്ത് സാഹസികമായി കാല്‍നടയാത്ര ചെയ്തുവേണം ഇവിടെയെത്താന്‍. വൃദ്ധജനങ്ങളും ഹൃദ്രോഗികളും വളരെ സൂക്ഷ്മതയോടെ മാത്രമേ എടയ്ക്കലില്‍ കയറാന്‍ തുനിയാവൂ. രണ്ട് ഘട്ടത്തിലായി നൂണ്ടിറങ്ങിവേണം ലിഖിതങ്ങള്‍ കാണാനുള്ള ഗുഹയില്‍ പ്രവേശിക്കാന്‍.
പ്രവേശനം : രാവിലെ ഒമ്പതുമണിമുതല്‍ വൈകിട്ട് 4.30 വരെ മാത്രം. കുട്ടികള്‍ക്ക് അഞ്ചു രൂപയാണ് പ്രവേശന ഫീസ്, മുതിര്‍ന്നവര്‍ പത്തുരൂപയും. ക്യാമറയ്ക്ക് 25 രൂപയും വീഡിയോ കവറേജിന് 100 രൂപയും നിര്‍ബന്ധമാണ്.
താമസ സൗകര്യം : എടയ്ക്കല്‍ ഹെര്‍മിറ്റേജ്-04936 221860, ഓര്‍ക്കിഡ് റിസോര്‍ട്ട്- 262844, ഗവ.ഗസ്റ്റ്ഹൗസ് - 220225, കെ.ടി.ഡി.സി. പെപ്പര്‍ ഗ്രോവ് -221900. ഹോട്ടല്‍ മിന്റ് ഫ്‌ളവര്‍ -227179. ട്രാന്‍ക്വില്‍ - 220244.
മാനത്തേക്ക് ഒരു കിളിവാതില്‍
ആകാശത്തേക്ക് തല ഉയര്‍ത്തി മേഘങ്ങളോട് കഥപറയുന്ന ചെമ്പ്രമല. സമുദ്രനിരപ്പില്‍നിന്നും 2000 അടി ഉയരത്തിലുള്ള വയനാട്ടില്‍നിന്നും 2500 അടി ഉയരത്തിലേക്ക് വീണ്ടുമൊരു യാത്ര. പച്ചപുല്‍മേടുകളെ വകഞ്ഞുമാറ്റി വടക്കന്‍ കാറ്റിനോട് മല്ലടിച്ച് പ്രകൃതി ഒരുക്കിയ കിളിവാതിലൂടെ ആകാശം 'തൊടാന്‍' അവസരം.

ചെമ്പ്രമലയ്ക്കു മുകളിലായി ഒരു ഹൃദയതടാകമുണ്ട്. 'ലൗലേക്ക്' എന്ന് ഇംഗ്ലീഷുകാര്‍ വിശേഷിപ്പിച്ച സ്‌നേഹത്തിന്റെ തടാകം. ഈ തടാകക്കരയില്‍ ഉല്ലാസവേളകള്‍ ചെലവഴിക്കാന്‍ വിരുന്നെത്തിയവര്‍ ധാരാളം. വിദൂരക്കാഴ്ചകളിലേക്ക് കണ്ണുപായിച്ച് മേഘങ്ങളെ കൈക്കുമ്പിളില്‍ ഒതുക്കി വിനോദസഞ്ചാരികള്‍ ഇവിടെ തമ്പടിക്കുന്നു.ചെമ്പ്രമലയുടെ മുകളില്‍നിന്നും വയലുകളും വലിയ കുന്നുകളും ഏറെയുള്ള വയനാടിനെ മുഴുവന്‍ കാണാം. പച്ചപ്പരവതാനിപോലെ നിരന്നുകിടക്കുന്ന സമതലത്തില്‍ കാഴ്ചമുടക്കി കോടമഞ്ഞും ഇവിടെ ഓടിയെത്തും.
പശ്ചിമഘട്ട മലനിരകളുടെ ജൈവവൈവിധ്യത്തില്‍ വിസ്മയകരമായ അനുഭൂതി കൂടിയാണ് ചെമ്പ്രമലയിലേക്കുള്ള യാത്ര. സാഹസികസഞ്ചാരികളെ വെല്ലുവിളിച്ച് അനേകം പാറക്കെട്ടുകളും ചെരിവുകളും ഇവിടെയുണ്ട്. ഇതിനെയെല്ലാം കീഴടക്കാന്‍ കിതപ്പടങ്ങുന്നതുവരെ ഇടത്താവളങ്ങളില്‍ വിശ്രമവും അത്യാവശ്യമാണ്. പാറയിടുക്കിലോ മരക്കൂട്ടത്തിനിടയിലോ കുളിര്‍കാറ്റുകൊണ്ട് ക്ഷീണമകറ്റാം.നഗരത്തിരക്കിലെ വിരസമായ അന്തരീക്ഷത്തില്‍നിന്നും തണുപ്പില്‍ എല്ലാം മറക്കാന്‍ ഇവിടെ എത്തുന്നവരാണ് അധികപേരും. കര്‍ണാടകയില്‍നിന്നും ഉത്തരേന്ത്യയില്‍ നിന്നുമെല്ലാം ഒട്ടേറെ സഞ്ചാരികള്‍ ചെമ്പ്രമലയിലെത്തുന്നു. പാറയിടുക്കില്‍ വേരുകളാഴ്ത്തി കാലത്തിനോടു പ്രായംചോദിക്കുന്ന മുത്തച്ഛന്‍മരങ്ങളും ഇവിടെ ഏറെയുണ്ട്.
ചെമ്പ്രയിലേക്കുള്ള വഴികള്‍ : ചായത്തോട്ടങ്ങള്‍ പച്ചപ്പട്ടു പുതച്ച മേപ്പാടിയില്‍നിന്നും ഏഴുകിലോമീറ്റര്‍ പിന്നിട്ടാല്‍ ചെമ്പ്രയുടെ താഴ്‌വാരമായി. മൂന്നര മണിക്കൂര്‍ നടന്നുവേണം ഹൃദയതടാകക്കരയിലൂടെ ഗിരിപര്‍വതത്തെ കീഴടക്കാന്‍. കല്പറ്റയില്‍നിന്നും പടിഞ്ഞാറോട്ട് 18 കിലോമീറ്റര്‍ യാത്രയുണ്ട്. സുല്‍ത്താന്‍ ബത്തേരിയില്‍നിന്നും 42 കിലോമീറ്ററും മാനന്തവാടിയില്‍നിന്ന് 52 കിലോമീറ്ററും ദൂരമുണ്ട്. മേപ്പാടിയില്‍നിന്നും ചെമ്പ്ര എസ്റ്റേറ്റ് റോഡിലേക്ക് തിരിച്ചുവേണം വാഹനങ്ങള്‍ പോകാന്‍. വനംവകുപ്പിന്റെ അനുവാദത്തോടുകൂടി മാത്രമാണ് ഇവിടേക്ക് പ്രവേശനം. ചെമ്പ്രയിലെ വനസംരക്ഷണ സമിതി ഓഫീസില്‍നിന്ന് പാസും വഴികാട്ടിയെയും ലഭിക്കും.
സ്വകാര്യ എസ്റ്റേറ്റ് ബംഗ്ലാവ് വരെ മാത്രമേ വാഹനത്തിന് പോകാന്‍ കഴിയൂ. ഇതിനായി പ്രവേശനകവാടത്തില്‍ പേരും വിലാസവും നല്കണം. പത്തുപേരടങ്ങിയ ട്രക്കിങ് സംഘത്തിന് 500 രൂപയാണ് ചാര്‍ജ്. ക്യാമറ കൈയിലുണ്ടെങ്കില്‍ 25 രൂപ. വീഡിയോ കവറേജിന് 200 രൂപയും പ്രത്യേക ഫീസ് നല്കണം.
താമസസ്ഥലങ്ങള്‍ : കല്പറ്റ, മേപ്പാടി എന്നിവിടങ്ങളില്‍ ധാരാളം ഹോട്ടലുകളും റിസോര്‍ട്ടുകളുമുണ്ട്. ഹോട്ടല്‍ ന്യൂ പാരീസ് മേപ്പാടി 04936 282489. ആരണ്യകം 04936 280261. ഗ്ലിനോറ 04936 217550. മീന്‍മുട്ടി ഹൈറ്റ്‌സ് 9349892255. സിറ്റി ടൂറിസ്റ്റ് ഹോം: 04936 288422. സഞ്ചാരികള്‍ യാത്ര ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നത് നന്നായിരിക്കും. വനസംരക്ഷണ സമിതിയലെ സാബു 9847134184. വഴികാട്ടി സുരേഷ് 09747293640, പ്രമോദ് 09947896008.
മാനത്തേക്ക് ഒരു കിളിവാതില്‍
ആകാശത്തേക്ക് തല ഉയര്‍ത്തി മേഘങ്ങളോട് കഥപറയുന്ന ചെമ്പ്രമല. സമുദ്രനിരപ്പില്‍നിന്നും 2000 അടി ഉയരത്തിലുള്ള വയനാട്ടില്‍നിന്നും 2500 അടി ഉയരത്തിലേക്ക് വീണ്ടുമൊരു യാത്ര. പച്ചപുല്‍മേടുകളെ വകഞ്ഞുമാറ്റി വടക്കന്‍ കാറ്റിനോട് മല്ലടിച്ച് പ്രകൃതി ഒരുക്കിയ കിളിവാതിലൂടെ ആകാശം 'തൊടാന്‍' അവസരം.

ചെമ്പ്രമലയ്ക്കു മുകളിലായി ഒരു ഹൃദയതടാകമുണ്ട്. 'ലൗലേക്ക്' എന്ന് ഇംഗ്ലീഷുകാര്‍ വിശേഷിപ്പിച്ച സ്‌നേഹത്തിന്റെ തടാകം. ഈ തടാകക്കരയില്‍ ഉല്ലാസവേളകള്‍ ചെലവഴിക്കാന്‍ വിരുന്നെത്തിയവര്‍ ധാരാളം. വിദൂരക്കാഴ്ചകളിലേക്ക് കണ്ണുപായിച്ച് മേഘങ്ങളെ കൈക്കുമ്പിളില്‍ ഒതുക്കി വിനോദസഞ്ചാരികള്‍ ഇവിടെ തമ്പടിക്കുന്നു.ചെമ്പ്രമലയുടെ മുകളില്‍നിന്നും വയലുകളും വലിയ കുന്നുകളും ഏറെയുള്ള വയനാടിനെ മുഴുവന്‍ കാണാം. പച്ചപ്പരവതാനിപോലെ നിരന്നുകിടക്കുന്ന സമതലത്തില്‍ കാഴ്ചമുടക്കി കോടമഞ്ഞും ഇവിടെ ഓടിയെത്തും.
പശ്ചിമഘട്ട മലനിരകളുടെ ജൈവവൈവിധ്യത്തില്‍ വിസ്മയകരമായ അനുഭൂതി കൂടിയാണ് ചെമ്പ്രമലയിലേക്കുള്ള യാത്ര. സാഹസികസഞ്ചാരികളെ വെല്ലുവിളിച്ച് അനേകം പാറക്കെട്ടുകളും ചെരിവുകളും ഇവിടെയുണ്ട്. ഇതിനെയെല്ലാം കീഴടക്കാന്‍ കിതപ്പടങ്ങുന്നതുവരെ ഇടത്താവളങ്ങളില്‍ വിശ്രമവും അത്യാവശ്യമാണ്. പാറയിടുക്കിലോ മരക്കൂട്ടത്തിനിടയിലോ കുളിര്‍കാറ്റുകൊണ്ട് ക്ഷീണമകറ്റാം.നഗരത്തിരക്കിലെ വിരസമായ അന്തരീക്ഷത്തില്‍നിന്നും തണുപ്പില്‍ എല്ലാം മറക്കാന്‍ ഇവിടെ എത്തുന്നവരാണ് അധികപേരും. കര്‍ണാടകയില്‍നിന്നും ഉത്തരേന്ത്യയില്‍ നിന്നുമെല്ലാം ഒട്ടേറെ സഞ്ചാരികള്‍ ചെമ്പ്രമലയിലെത്തുന്നു. പാറയിടുക്കില്‍ വേരുകളാഴ്ത്തി കാലത്തിനോടു പ്രായംചോദിക്കുന്ന മുത്തച്ഛന്‍മരങ്ങളും ഇവിടെ ഏറെയുണ്ട്.
ചെമ്പ്രയിലേക്കുള്ള വഴികള്‍ : ചായത്തോട്ടങ്ങള്‍ പച്ചപ്പട്ടു പുതച്ച മേപ്പാടിയില്‍നിന്നും ഏഴുകിലോമീറ്റര്‍ പിന്നിട്ടാല്‍ ചെമ്പ്രയുടെ താഴ്‌വാരമായി. മൂന്നര മണിക്കൂര്‍ നടന്നുവേണം ഹൃദയതടാകക്കരയിലൂടെ ഗിരിപര്‍വതത്തെ കീഴടക്കാന്‍. കല്പറ്റയില്‍നിന്നും പടിഞ്ഞാറോട്ട് 18 കിലോമീറ്റര്‍ യാത്രയുണ്ട്. സുല്‍ത്താന്‍ ബത്തേരിയില്‍നിന്നും 42 കിലോമീറ്ററും മാനന്തവാടിയില്‍നിന്ന് 52 കിലോമീറ്ററും ദൂരമുണ്ട്. മേപ്പാടിയില്‍നിന്നും ചെമ്പ്ര എസ്റ്റേറ്റ് റോഡിലേക്ക് തിരിച്ചുവേണം വാഹനങ്ങള്‍ പോകാന്‍. വനംവകുപ്പിന്റെ അനുവാദത്തോടുകൂടി മാത്രമാണ് ഇവിടേക്ക് പ്രവേശനം. ചെമ്പ്രയിലെ വനസംരക്ഷണ സമിതി ഓഫീസില്‍നിന്ന് പാസും വഴികാട്ടിയെയും ലഭിക്കും.
സ്വകാര്യ എസ്റ്റേറ്റ് ബംഗ്ലാവ് വരെ മാത്രമേ വാഹനത്തിന് പോകാന്‍ കഴിയൂ. ഇതിനായി പ്രവേശനകവാടത്തില്‍ പേരും വിലാസവും നല്കണം. പത്തുപേരടങ്ങിയ ട്രക്കിങ് സംഘത്തിന് 500 രൂപയാണ് ചാര്‍ജ്. ക്യാമറ കൈയിലുണ്ടെങ്കില്‍ 25 രൂപ. വീഡിയോ കവറേജിന് 200 രൂപയും പ്രത്യേക ഫീസ് നല്കണം.
താമസസ്ഥലങ്ങള്‍ : കല്പറ്റ, മേപ്പാടി എന്നിവിടങ്ങളില്‍ ധാരാളം ഹോട്ടലുകളും റിസോര്‍ട്ടുകളുമുണ്ട്. ഹോട്ടല്‍ ന്യൂ പാരീസ് മേപ്പാടി 04936 282489. ആരണ്യകം 04936 280261. ഗ്ലിനോറ 04936 217550. മീന്‍മുട്ടി ഹൈറ്റ്‌സ് 9349892255. സിറ്റി ടൂറിസ്റ്റ് ഹോം: 04936 288422. സഞ്ചാരികള്‍ യാത്ര ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നത് നന്നായിരിക്കും. വനസംരക്ഷണ സമിതിയലെ സാബു 9847134184. വഴികാട്ടി സുരേഷ് 09747293640, പ്രമോദ് 09947896008.
കടലുണ്ടിക്കാഴ്ചകള്‍

കടലും പുഴയും കുന്നുകളും ഒന്നിക്കുന്ന അപൂര്‍വതയാണ് കടലുണ്ടിയെ സുന്ദരിയാക്കുന്നത്. ജൈവ, സാംസ്‌കാരികവൈവിധ്യങ്ങളാല്‍ സമ്പന്നമാണ് ഈ കൊച്ചുഗ്രാമം. ചാലിയാറും വടക്കുമ്പാട്, കടലുണ്ടിപ്പുഴകളും അതിര്‍ത്തി തീര്‍ക്കുന്ന കടലുണ്ടിയിലാണ് രാജ്യത്ത പ്രഥമ കമ്യൂണിറ്റി റിസര്‍വ്.
പശ്ചിമഘട്ടമലനിരകളില്‍ നിന്ന് ഉത്ഭവിക്കുന്ന കടലുണ്ടിപ്പുഴ അറബിക്കടലിനോട് ചേരുന്ന അഴിമുഖത്തോട് ചേര്‍ന്ന് 15 ഹെക്ടറിലാണ് റിസര്‍വ് സ്ഥിതിചെയ്യുന്നത്. വന്യമൃഗ സംരക്ഷണകേന്ദ്രമോ, സംരക്ഷണ റിസര്‍വോ അല്ലാത്ത പ്രദേശങ്ങളിലുള്ള സസ്യ ജന്തുജാലങ്ങളുടെ സംരക്ഷണത്തിന് വന്യജീവി സംരക്ഷണ നിയമപ്രകാരം പ്രഖ്യാപിക്കുന്ന സ്ഥലമാണ് കമ്യൂണിറ്റി റിസര്‍വ് എന്നറിയപ്പെടുന്നത്.
റിസര്‍വിനോട് ചേര്‍ന്ന് റെയില്‍വേപാലത്തിന്റെ പടിഞ്ഞാറ് ഭാഗത്താണ് പ്രസിദ്ധമായ കടലുണ്ടി പക്ഷിസങ്കേതം. ഏറ്റവും കൂടുതല്‍ ദേശാടനപ്പക്ഷികളെത്തുന്ന പക്ഷിസങ്കേതങ്ങളിലൊന്നാണിത്. 135 ലധികം പക്ഷി ഇനങ്ങളെ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. ഇവയില്‍ പലതും അപൂര്‍വദേശാടനപക്ഷികളും വംശനാശഭീഷണി നേരിടുന്നവയുമാണ്.

കടലുണ്ടി പുഴയിലൂടെയുള്ള തോണിയാത്ര അവിസ്മരണീയമായിരിക്കും. കണ്ടല്‍ വനങ്ങളും പുഴയിലെ ചെറുതുരുത്തുകളും പക്ഷിക്കൂട്ടങ്ങളും മത്സ്യബന്ധനവും അടുത്ത് കാണാനും അറിയാനുമുള്ള അസുലഭ അനുഭവമായിരിക്കും ഇത്. നിരവധി സാംസ്‌കാരിക - പൈതൃക കേന്ദ്രങ്ങളും ഈ കൊച്ചുഗ്രാമത്തില്‍ സഞ്ചാരികളെ സ്വാഗതം ചെയ്യുന്നു.
കടലുണ്ടി പഞ്ചായത്തിന്റെ അതിരിനോട് ചേര്‍ന്ന് വള്ളിക്കുന്നില്‍ സ്ഥിതി ചെയ്യുന്ന നിറങ്കൈതക്കോട്ട ഇവയില്‍ പ്രധാനപ്പെട്ടതാണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രസമുച്ചയമാണിവിടെയുള്ളത്. മരത്തില്‍ കൊത്തിയ രാമായണ കഥാഭാഗങ്ങള്‍ ഇവിടത്തെ പ്രത്യേകതയാണ്. മൊച്ചകള്‍ എന്നറിയപ്പെടുന്ന നാടന്‍ കുരങ്ങുകളെയും ഇവിടെ ധാരാളം കാണാം.
പ്രകൃതിരമണീയമായ കോട്ടക്കുന്നില്‍ സ്ഥിതി ചെയ്യുന്ന സെന്റ് പോള്‍സ് ചര്‍ച്ചിലാണ് ഏഷ്യയിലെ ഏറ്റവും വലുതെന്ന് കരുതുന്ന ക്രൂശിതനായ യേശുവിന്റെ കൂറ്റന്‍ രൂപമുള്ളത്. പുരാതന മുസ്‌ലിം പള്ളികളായ ചാലിയം മസ്ജിദ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഗ്രന്ഥശേഖരവുമായി ചാലിയം മുല്ല, മാലിക്ദിനാര്‍ കേരളത്തില്‍ സ്ഥാപിച്ച പതിനൊന്ന് പള്ളികളില്‍ ഒന്നായ പുഴക്കരപ്പള്ളി, ആല്‍മരത്തിനുള്ളില്‍ ശിവലിംഗം സ്ഥിതി ചെയ്യുന്ന ചാലിയം ശ്രീകണേ്ഠശ്വര ക്ഷേത്രം, പേടിയാട്ട് ഭഗവതി, മണ്ണൂര്‍ ശിവക്ഷേത്രം, മണ്ണൂര്‍ ഗുഹ, പഴഞ്ചന്നൂര്‍ ക്ഷേത്രം തുടങ്ങിയവയും ഈ ഗ്രാമത്തിലെ പൈതൃകകേന്ദ്രങ്ങളാണ്.

മണ്ണാര്‍ മാട്, സി.പി.തുരുത്തി, പനയംമാട്, ബാലാതുരുത്തി എന്നിവിടങ്ങളില്‍ നിന്ന് കണ്ടല്‍വനങ്ങളുടെ മനോഹാരിതയും ജൈവ വൈവിധ്യവും അടുത്താസ്വദിക്കാനാകും. ചാലിയത്ത് സ്ഥിതി ചെയ്യുന്ന വനംവകുപ്പിന്റെ തടിഡിപ്പോയിലാണ് 'ഹോര്‍ത്തൂസ് മലബാറിക്കസി'ല്‍ പ്രതിപാദിച്ചിട്ടുള്ള മുഴുവന്‍ സസ്യജാലങ്ങളും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പൈതൃക തോട്ടം ഒരുങ്ങുന്നത്. വനം വകുപ്പിന്റെ തടിലേല കേന്ദ്രവും ഇവിടെ സ്ഥിതി ചെയ്യുന്നു.
ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മിച്ച, മദ്രാസില്‍ നിന്നുള്ള ട്രെയിന്‍ സര്‍വീസിന്റെ ടെര്‍മിനല്‍ സ്റ്റേഷന്‍ കൂടിയായിരുന്നു ചാലിയം. തിരൂര്‍- ചാലിയം റെയില്‍വേ ലൈനിന്റെ അവശേഷിപ്പായ കൂറ്റന്‍ റെയില്‍വേ കിണറും തടി ഡിപ്പോയ്ക്കുള്ളിലാണ് സ്ഥിതി ചെയ്യുന്നത്. കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിനു കീഴിലുള്ള ലൈറ്റ് ഹൗസും ചാലിയത്താണ്. മുന്‍കൂട്ടി അനുമതി വാങ്ങിയാല്‍ ലൈറ്റ്ഹൗസിനു മുകളില്‍ കയറി ബേപ്പൂര്‍ തുറമുഖത്തിന്റെയും കടലുണ്ടിയുടെയും വിദൂര ദൃശ്യങ്ങള്‍ ആസ്വദിക്കാം.
തടി ഡിപ്പോയോട് ചേര്‍ന്നുള്ള കാക്കാതുരുത്തില്‍ ഉരു നിര്‍മാണ ശാലകളും പ്രവര്‍ത്തിക്കുന്നുണ്ട്. ബേപ്പൂര്‍ തുറമുഖത്തിനായി നിര്‍മിച്ച ചാലിയം പുലിമുട്ടിലൂടെ കടലിനുള്ളിലേക്ക് വാഹനം ഓടിച്ചു പോകുന്നത് വേറിട്ട അനുഭവമായിരിക്കും. ചാലിയം- ബേപ്പൂര്‍ ജെട്ടികളിലേക്കു ചാലിയാറിലൂടെയുള്ള ജങ്കാര്‍ യാത്രയും ചാലിയത്തെ പരമ്പരാഗത മത്സ്യബന്ധനകേന്ദ്രവും സഞ്ചാരികള്‍ക്ക് ഒരിക്കലും മറക്കാനാകാത്ത അനുഭവമായിരിക്കും പകരുക.

കടലുണ്ടിയുടെ മനോഹാരിത ആസ്വദിക്കാനായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ (ഡി.ടി.പി.സി.) ഇവിടേക്ക് കണ്ടക്ടഡ് ടൂര്‍ നടത്തുന്നുണ്ട്. കോഴിക്കോട് നഗരത്തില്‍ നിന്നാരംഭിക്കുന്ന യാത്രയ്ക്ക് മുതിര്‍ന്നവര്‍ക്ക് 450 രൂപയും കുട്ടികള്‍ക്ക് 350 രൂപയുമാണ് നിരക്ക്.
നഗരത്തില്‍ 20 കിലോമീറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന ഈ ഗ്രാമത്തിലേക്ക് ഫറോക്ക് വഴിയും ബേപ്പൂരില്‍ നിന്ന് ജങ്കാര്‍ വഴിയും എത്തിച്ചേരാനാകും. കടലുണ്ടി പുഴയിലൂടെയുള്ള തോണിയാത്രയ്ക്കും, ഗ്രാമത്തിന്റെ നാടന്‍ ഭക്ഷണ വിഭവങ്ങള്‍ ആസ്വദിക്കാനും താത്പര്യമുള്ളവര്‍ക്ക് കമ്യൂണിറ്റിറിസര്‍വ് മാനേജ്‌മെന്റിന്റെ നേതൃത്വത്തില്‍ സൗകര്യമൊരുക്കിക്കൊടുക്കും. ഇതിനായി റിസര്‍വ് ചെയര്‍മാന്‍ അനില്‍ മാരാത്തുമായി ബന്ധപ്പെടാം. ഫോണ്‍: 9447006456. ഡി.ടി.പി.സി.യുടെ കണ്ടക്ടഡ് ടൂറിന് 0495-2720012 നമ്പറില്‍ ബന്ധപ്പെടണം.




